Tuesday, February 23, 2010

എനിക്കും ചിലത് പറയാനുണ്ട്.

എന്റെ കണ്ണില്‍ ഞാനൊളിപ്പിച്ച് വച്ചിരുന്ന-
രണ്ടു നക്ഷത്രക്കുഞ്ഞുങ്ങളെ ,
ആരാ‍ണ് കവര്‍ന്നെടുത്തത്?
നേര്‍ത്ത ചാറ്റല്‍മഴയെ സ്വപ്നം കണ്ടുറങ്ങിപ്പോയൊരു രാത്രിയില്‍ -
ആരാണ് ഹൃദയത്തില്‍ നിന്നും ,
എന്റെ ഈറന്‍ വയലറ്റുപൂവ് പറിച്ചെടുത്ത് ,
നിഷ്കരുണം ഇറങ്ങിപ്പോയത് ?!

സദാചാരത്തിന്റെ തീഷ്ണനോട്ടങ്ങള്‍ക്ക്,
മനസ്സില്‍ മരവിപ്പിന്റെ ശൈത്യം.
സ്വപ്നമൊഴിഞ്ഞ മിഴികളില്‍ തിളക്കമെന്നോ പൊലിഞ്ഞു .
ദാരിദ്ര്യത്തിന്റെ കടുത്ത പേക്കിനാവില്‍ ചേതന ശുഷ്കിച്ചു .
വിലക്കുകളുടെ അഗ്നിസ്ഫുലിംഗങ്ങളാല്‍ ,
ആത്മാവ് വിവസ്ത്രയാക്കപ്പെട്ടു.

ഇനി,
ഏതനുഷ്ടാനത്തിന്റെ വഴിയിലൂടെയാണ് ചരിക്കേണ്ടത് ?
ഏതു നിയമത്തിന്റെ ചങ്ങലയിലാണ് ബന്ധനസ്ഥയാകേണ്ടത്?
ഏതു സിദ്ധാന്തത്തിന്റെ ചട്ടക്കൂടിലേക്കാണ് ,
ഞാനെന്റെ ജീവിതത്തെ തളച്ചിറക്കേണ്ടത് ?

വിധിയുടെ കനത്ത ആഘാതങ്ങളേറ്റ് -
മസ്തിഷ്കം ചുളുങ്ങിത്തുടങ്ങി.
പൊള്ളുന്ന ചിന്തകള്‍ ഏതു നിമിഷവും,
തലയോട് പൊട്ടി പുറത്തേക്കൊഴുകാം.
ഒരു പക്ഷെ, ഉരുകി തിളച്ചൊഴുകുന്ന -
ലാവയേക്കാള്‍ തീക്ഷണമായേക്കുമത്.