Monday, September 13, 2010

അമ്മയുടെ ഭ്രാന്തുകള്‍!

ഓര്‍മ്മക്കും സ്വപ്നത്തിനുമപ്പുറം
മൂര്‍ദ്ദാവില്‍ കിനിഞ്ഞിറങ്ങിയ,
വാത്സല്യത്തിന്റെ നനവ്


ഇപ്പൊപ്പിറന്നുവീണ കുഞ്ഞിനെപ്പോലെ

എന്റെ വരണ്ട ചുണ്ടുകള്‍,

നിന്റെ നെഞ്ചില്‍ ചുരന്ന സ്നേഹത്തിനു ദാഹിച്ചു.


അകലങ്ങളില്‍,

എന്നെയോര്‍ത്തു നനഞ്ഞ നിന്‍-

മിഴികളെനിക്കോര്‍മ്മകളെ മടക്കിത്തന്നു.


പനിക്കിടക്കയില്‍,

ആര്‍ത്തുപെയ്തൊരു താളം കാതോര്‍ത്ത്,

കുളിരിന്റെ സൂചിക്കുത്തുകളേറ്റുവാങ്ങി-

ക്കിടന്ന നിമിഷവേഗങ്ങളില്‍,

സിരകളില്‍ പൊള്ളുന്നൊരോര്‍മ്മയായ്

സ്നേഹസ്പര്‍ശങ്ങള്‍.


ഞെട്ടറ്റ മോഹങ്ങള്‍

കണ്ണില്‍ നൈരാശ്യമായ്

ഉറഞ്ഞുതുള്ളുമ്പഴും,


കെട്ടുപോം പ്രതീക്ഷയില്‍,

അടുക്കളപ്പടികളില്‍

ഒറ്റക്കിരുന്നു മിഴിവാര്‍ക്കുമ്പഴും


വിട്ടുപോം സ്നേഹം

കൈയെത്തിപ്പിടിക്കാനാഞ്ഞ്

തളര്‍ന്നു വീഴുമ്പഴും


പൊട്ടിത്തെറിച്ചു,

വാക്കുകള്‍ അലക്ഷ്യമായ്

വലിച്ചെറിയുമ്പഴും


മക്കളേയെന്നോര്‍ത്തു കരളില്‍
നീറിപ്പിടിക്കുന്ന ദു:ഖം.


ഓര്‍മ്മയില്‍ പിടയുന്നു പിന്നെയും
എന്നോ കേട്ടു മറന്ന വാക്കുകള്‍


“കുപുത്രന്മാരേറെയുണ്ടാകാം

കുമാതാക്കളുണ്ടായിട്ടില്ലിതേവരെ”

Wednesday, April 7, 2010

ഭൂമുഖത്തെ ക്രൂരനായ മൃഗം മനുഷ്യന്‍ തന്നെ

ജീവിതം ഓര്‍മ്മക്കും മറവിക്കുമിടയിലൂടൊരു നൂല്‍പ്പാലയാത്ര.
പിറകിലേക്കകലുന്ന കാഴ്ചകളില്‍ കണ്ണുടക്കിപ്പിരിയുന്നു.
യാത്രയുടെ വേഗങ്ങളില്‍ പലപ്പോഴും കണ്ണിനെ മടക്കിവിളിക്കാതെ വയ്യല്ലൊ!

പക്ഷെ, ചിലതുണ്ട്....മനസ്സിലുടക്കിപ്പോകുന്നത്...
ഒരുതരം നീറ്റലായത് തികട്ടി വന്നുകൊണ്ടേയിരിക്കും...

നിസ്സഹായത അത്രക്കും ദൈന്യമാണെന്ന് തിരിച്ചറിയുന്ന നിമിഷങ്ങള്‍.
ചിന്തകള്‍ പ്രവൃത്തിയിലേക്ക് പരിണമിക്കാന്‍ വൈകിയതോര്‍ത്ത് കുറ്റബോധം തോന്നിയ നാളുകള്‍.

അത്രക്കും സുഖകരമല്ലാത്തൊരു വൈകുന്നേരം...
ഓഫീസില്‍ നിന്ന് കൃത്യസമയത്തിറങ്ങാനാകാതെ ട്രയിന്‍ കടന്നുപോകുന്നത് നോക്കിനില്‍ക്കേണ്ടി വന്നു. ഒടുവില്‍ കിട്ടിയ ഓട്ടോ പിടിച്ച് ബസ്റ്റാന്‍ ഡിലേക്ക്. പൈസനഷ്ടം, സമയനഷ്ടം....അറിയാതെ മനസ്സില്‍ ബോസ്സിനോടരിശം തോന്നി. പിന്നെ ബസ്സിനായി വഴിക്കണ്ണുമായി ഒരു അരമണിക്കൂര്‍.

സ്റ്റാന്‍ഡിലെ സ്ത്രീജനങ്ങള്‍ കുറഞ്ഞു തുടങ്ങുംതോറും ചുറ്റിലും തുറിച്ചുനോട്ടങ്ങള്‍ ഇതു കേരളം തന്നെയെന്ന് എന്നെ ഓര്‍മ്മിപ്പിച്ചുകൊണ്ടേയിരുന്നു. ശ്രദ്ധ തിരിച്ചുവിടാന്‍ ഞാന്‍ പതിയെ ചുറ്റിലും കണ്ണോടിക്കുകയായിരുന്നു. അപ്പൊഴാണ് ഊന്നുവടിയൂന്നി വേച്ചു വേച്ചു വന്ന വൃദ്ധയെ ശ്രദ്ധിച്ചത്. അവിടെ നിന്നിരുന്നവരാരൊക്കെയോ ചില നാണയത്തുട്ടുകള്‍ അവര്‍ക്കിട്ടു കൊടുത്തു.
നേരം വല്ലാതിരുട്ടിത്തുടങ്ങി. ഒടുവിലാ വൃദ്ധ ബസ്സില്‍ കയറാനുള്ള ശ്രമത്തിലായിരുന്നു.

എന്തോ
അപ്പൊ അറിയാതെ ഉള്ളിലൊരു ഭയം തോന്നി. അവരവിടെ ഉണ്ടായിരുന്നത് ഒരാശ്വാസമായിരുന്നു. വേച്ച് വേച്ച് അവര്‍ ബസ്സിനടുത്തെത്തിയതും ഉച്ചത്തിലെന്തൊ ചീത്തവിളിച്ച് ഡ്രൈവര്‍ വണ്ടി വിട്ടു. അടുത്തു വന്ന ബസ്സും അതുപോലെത്തന്നെ വിട്ടു. നാലോ അഞ്ചോ ബസ്സുകള്‍ അങ്ങിനെ കടന്നുപോയി. പിറകിലായി പാവം ഓടിക്കൊണ്ടേയിരുന്നു. ഒടുവില്‍ ഒരു ബസ്സിന്റെ പടിയോളം എത്തിയ അവരെ കയറ്റാതെ ബസ്സും പോയി. ഓടിത്തളര്‍ന്ന അവര്‍ പതിയെ വഴിയോരത്തിരുന്നു. പിന്നെയും ഓരോ ബസ്സു വരുമ്പോഴും പ്രതീക്ഷയോടെ അവര്‍ അടുത്തു നിന്നവരോട് ചോദിക്കുന്നുണ്ടായിരുന്നു...”മോനെ ബസ്സ് ആലുവക്ക് പോകുമോ?“

പകലന്തിയോളം
ഭിക്ഷയെടുത്ത് രാത്രിയിലെവിടെയെങ്കിലും ഒരു കൂരയുണ്ടെങ്കിലവിടെ തലചായ്ക്കണമെന്ന് എല്ലാവരുടെയും മോഹമല്ലെ? ഒരു തരത്തില്‍ ഞങ്ങളെല്ലാവരും അതിനുവേണ്ടിത്തന്നെയല്ലേ കാത്തുനില്‍ക്കുന്നത്?
ഒടുവിലെന്റെ ബസ്സുവന്നു ഞാന്‍ കയറിപ്പോകുമ്പഴും പിറകിലവരുടെ വിലാപം എനിക്കു കേള്‍ക്കാന്‍ കഴിയുമായിരുന്നു.
ഓര്‍മ്മയിലിപ്പഴും തെളിയുന്ന മുഖമെന്നെ കുറ്റബോധം കൊണ്ടു വീര്‍പ്പുമുട്ടിക്കുന്നു.
എനിക്കെന്തെങ്കിലും
ചെയ്യാനാകുമായിരുന്നില്ലെ?
ഭൂമുഖത്തെ ക്രൂരനായ മൃഗം മനുഷ്യന്‍ തന്നെയെന്നത്എത്ര വാസ്തവം!

Tuesday, February 23, 2010

എനിക്കും ചിലത് പറയാനുണ്ട്.

എന്റെ കണ്ണില്‍ ഞാനൊളിപ്പിച്ച് വച്ചിരുന്ന-
രണ്ടു നക്ഷത്രക്കുഞ്ഞുങ്ങളെ ,
ആരാ‍ണ് കവര്‍ന്നെടുത്തത്?
നേര്‍ത്ത ചാറ്റല്‍മഴയെ സ്വപ്നം കണ്ടുറങ്ങിപ്പോയൊരു രാത്രിയില്‍ -
ആരാണ് ഹൃദയത്തില്‍ നിന്നും ,
എന്റെ ഈറന്‍ വയലറ്റുപൂവ് പറിച്ചെടുത്ത് ,
നിഷ്കരുണം ഇറങ്ങിപ്പോയത് ?!

സദാചാരത്തിന്റെ തീഷ്ണനോട്ടങ്ങള്‍ക്ക്,
മനസ്സില്‍ മരവിപ്പിന്റെ ശൈത്യം.
സ്വപ്നമൊഴിഞ്ഞ മിഴികളില്‍ തിളക്കമെന്നോ പൊലിഞ്ഞു .
ദാരിദ്ര്യത്തിന്റെ കടുത്ത പേക്കിനാവില്‍ ചേതന ശുഷ്കിച്ചു .
വിലക്കുകളുടെ അഗ്നിസ്ഫുലിംഗങ്ങളാല്‍ ,
ആത്മാവ് വിവസ്ത്രയാക്കപ്പെട്ടു.

ഇനി,
ഏതനുഷ്ടാനത്തിന്റെ വഴിയിലൂടെയാണ് ചരിക്കേണ്ടത് ?
ഏതു നിയമത്തിന്റെ ചങ്ങലയിലാണ് ബന്ധനസ്ഥയാകേണ്ടത്?
ഏതു സിദ്ധാന്തത്തിന്റെ ചട്ടക്കൂടിലേക്കാണ് ,
ഞാനെന്റെ ജീവിതത്തെ തളച്ചിറക്കേണ്ടത് ?

വിധിയുടെ കനത്ത ആഘാതങ്ങളേറ്റ് -
മസ്തിഷ്കം ചുളുങ്ങിത്തുടങ്ങി.
പൊള്ളുന്ന ചിന്തകള്‍ ഏതു നിമിഷവും,
തലയോട് പൊട്ടി പുറത്തേക്കൊഴുകാം.
ഒരു പക്ഷെ, ഉരുകി തിളച്ചൊഴുകുന്ന -
ലാവയേക്കാള്‍ തീക്ഷണമായേക്കുമത്.

Tuesday, August 11, 2009

ജാതകം

അക്കങ്ങള്‍ക്കും, അര്‍ത്ഥമില്ലാത്ത ചിഹ്നങ്ങള്‍ക്കും-
ചതുരക്കളങ്ങള്‍ക്കുമിടയില്‍
വിലപറയപ്പെടുന്നതെന്റെ ജീവിതം.
അരികുദ്രവിച്ച മഞ്ഞക്കടലാസില്‍ കുറിക്കപ്പെട്ടതെന്റെ-
സ്വപ്നങ്ങളുടെ അന്ത്യവിധി.
താളുകളിലെവിടെയോ,
എഴുതിവച്ച അക്ഷരങ്ങള്‍ക്ക് ചുവപ്പുപകര്‍ന്നത്
എന്റെ ഹൃദയരക്തം കൊണ്ട്.

ഇരുളിലെന്നോ പ്രണയനക്ഷത്രം തേടിനിന്ന-
എന്റെ കണ്ണിനെത്തഴുകിപ്പോയ കാറ്റില്‍,
അകലെയെവിടെയോ പെയ്തൊരു മഴയുടെ-
കുളിര്‍സ്പര്‍ശം ഞാനറിഞ്ഞതും,
എന്‍ പ്രണയതാരകം കണ്ണിറുക്കിയതും ചേര്‍ന്ന്.

നിന്റെ സ്നേഹസൌരഭ്യങ്ങളെന്‍ ദിനങ്ങളില്‍
വസന്തം നിറച്ചതും
ഒരു വിരല്‍ക്കൂമ്പായ് നീയെന്നെ-
പൂവാ‍യ് വിടര്‍ത്തീതും,
പാതികൂമ്പിയ മിഴികളില്‍-
നിന്റെ ചുണ്ടിന്റെ നനവു ഞാനറിഞ്ഞതും,
സമയദൂരങ്ങളറിയാതെ,
നിന്‍ മിഴികളില്‍ തെളിയുന്നെന്‍ -
മുഖത്തിന്റെ ലജ്ജയില്‍
എന്‍ മിഴിനിറഞ്ഞതും,
ആനന്ദധാരകള്‍ നിന്നധരങ്ങള്‍ ഒപ്പിയെടുത്തതും
അകലെ നീ കൈകള്‍ വീശിയകലുമ്പോള്‍
അരികിലേക്കൊന്നണയ്ക്കാന്‍ -
ഹൃദയം പിടഞ്ഞതും.....

നിമിഷവേഗത്തില്‍,
സങ്കടക്കടലിനപ്പുറം
മായുന്നു മങ്ങുന്നു കാഴ്ചകള്‍

ഒടുവിലീ സ്മരണക്കുമുന്നിലീ-
‘ഈറന്‍ വയലറ്റുപൂവു’ ഞാന്‍ ചേര്‍ത്തുവക്കട്ടെ
പൊരുത്തക്കേടുകളുടെ മഞ്ഞരേഖകള്‍-
ബാക്കിവച്ച ഈ ജീവിതപുസ്തകവും
പറയുവാന്‍ കാത്തുവച്ചൊരുപിടി വാക്കുകള്‍
ഒരു നെടിയനിശ്വാസത്തിലൊതുക്കി
ഞാന്‍ പടിയിറങ്ങട്ടെ,
പ്രവചനങ്ങള്‍ക്കപ്പുറം
നിറനിലാവുപോലൊരു ജീവിതം-
നിറഞ്ഞൊരു സ്വപ്നം
നെഞ്ചോടു ചേര്‍ത്ത്....

Wednesday, August 5, 2009

പിരിയുവതെങ്ങിനെ?????

ഓടിയൊളിക്കുന്നതെങ്ങിനെ??
നെറുകയിലിത്തിരി നനവുപടര്‍ത്തി-
മൂക്കിന്‍ തുമ്പിലിറ്റ മുഗ്ധമാം ഓര്‍മ്മയില്‍ നിന്നും,

മറക്കുവതെങ്ങിനെ?
ഓര്‍ത്തു മയങ്ങിയൊരു സന്ധ്യയില്‍ -
പിറകിലൂടെ വന്നണച്ചു നിര്‍ത്തിയ കനവിനെ,

വിടുര്‍ത്തുവതെങ്ങിനെ?
കോര്‍ത്തു നിന്ന ഹൃദയങ്ങളെ,
ചേര്‍ന്നു കണ്ട കാഴ്ചകളെ,

തകര്‍ക്കുവതെങ്ങിനെ?
തുളുമ്പാതെ നിറയുന്ന നിന്റെ-
സ്നേഹമൌനങ്ങളെ,

മടക്കുവതെങ്ങിനെ കണ്ണിനെ?
സ്നേഹവസന്തക്കാഴ്ചകളില്‍ നിന്ന്,
എന്റെ ഹൃദയമൊളിപ്പിച്ച നിന്റെ കണ്ണില്‍ നിന്ന്,

ഓര്‍ക്കാതിരിക്കുന്നതെങ്ങിനെ?
നിലാവില്‍ ദൂരെ മിന്നിയ താരകസ്നേഹത്തിനെ,
നേര്‍ത്ത ചാറ്റലായ് പെയ്തിറങ്ങിയ നിന്റെ പുഞ്ചിരി,
കണ്‍ പീലിയിലെ നനുത്ത ചുംബനം,

പറയാതിരിക്കുവതെങ്ങിനെ,
പാതിചാരിയ നിന്റെ മനസ്സിന്റെ വാതില്‍മറയില്‍..
ഞാന്‍ കാത്തുവച്ച പ്രണയാക്ഷരങ്ങള്‍,

പിരിയുവതെങ്ങിനെ???
മനസ്സിന്റെ പാതിയെ,
പാതിയീണത്തിനെ,

നോവാതിരിക്കുന്നതെങ്ങിനെ?
പാതിയടര്‍ത്തിയ ഹൃദയത്തിന്റെ-
ഉണങ്ങാത്ത മുറിവിന്റെ നീറ്റലില്‍.....

Saturday, August 1, 2009

കാല്‍പ്പാടുകള്‍...

പ്രണയത്തിന്റെ പിന്‍വഴികളില്‍
മായാതെ മാഞ്ഞും തെളിഞ്ഞും കാല്‍പ്പാടുകള്‍...

തിരിവുകളിലെവിടെയോ‍ മറഞ്ഞുപോയത്..

പിരിയുന്ന പാതയില്‍ വഴിമാറി നടന്നകന്നത്...

പാതിവഴിയില്‍ വേച്ചുപോയത്...

അടയാളങ്ങള്‍ ശേഷിപ്പിക്കാത്ത ചില പൂച്ചക്കാലടികള്‍‍...


ചിലത്
ഓര്‍മ്മകളുടെ പിന്‍വഴികളില്‍ -
പാടുകള്‍ ശേഷിപ്പിക്കുമ്പോള്‍

ചിലത് പതിയുക ഹൃദയത്തിലാണ് ‍.

ഉണങ്ങാത്ത മുറിവായി തിണര്‍ത്തു കിടക്കും.


മേല്‍ക്കുമേല്‍ പതിഞ്ഞ കാല്പാടുകള്‍

ചിലതിനെ കാലത്തിന്റെ മറവിലേക്ക് മായ്ച്ചു കളയും.

പിന്നെയും ചിലത് നാം പോലുമറിയാതെ

നിലക്കാതെ പിന്തുടര്‍ന്നുകൊണ്ടേയിരിക്കും...


പക്ഷെ...ഏതു
വഴിയിലാണു്
നിന്റെ കാലടികള്‍ അകന്നുപോയത്??

അതോ നിലച്ചുപോയതോ?!

Friday, July 31, 2009

നിഴല്‍

അതിവിദൂരത്തു നീ പോയിട്ടുമിവിടെ നിന്‍‍‍-
നിഴലുണ്ടൊളിച്ചു നില്‍ക്കുന്നു.

പുടവമേല്‍ത്തൂങ്ങുന്ന പൈതലേപ്പോലെന്റെ-

പുറകെയതു പിച്ചവയ്ക്കുന്നു.


കരടെന്ന പോല്‍ കൃഷ്ണമണിയില്‍,

നമുക്കിടക്കരുതാത്തതെന്തോ കുടുങ്ങി.

വിവശരായ് കലഹിച്ചിരിപ്പതേക്കാല്‍-

ശാന്തി നിറയുമീ വിരഹമേ സ്വച്ഛം.


ഇനിമേല്‍ മൃദുവായി കണ്ണീര്‍ വാര്‍ത്താല്‍ മതി.

ഇടനെഞ്ച് തകര്‍ന്നു കരഞ്ഞാല്‍-

മുഖമാകെ പരവശമായാലോ?


ഇനിമേല്‍ സരള
സൌഹൃദങ്ങള്‍ മതി.
ഗാഢസ്നേഹം കരളു തകര്‍ത്താലോ?