Monday, September 13, 2010

അമ്മയുടെ ഭ്രാന്തുകള്‍!

ഓര്‍മ്മക്കും സ്വപ്നത്തിനുമപ്പുറം
മൂര്‍ദ്ദാവില്‍ കിനിഞ്ഞിറങ്ങിയ,
വാത്സല്യത്തിന്റെ നനവ്


ഇപ്പൊപ്പിറന്നുവീണ കുഞ്ഞിനെപ്പോലെ

എന്റെ വരണ്ട ചുണ്ടുകള്‍,

നിന്റെ നെഞ്ചില്‍ ചുരന്ന സ്നേഹത്തിനു ദാഹിച്ചു.


അകലങ്ങളില്‍,

എന്നെയോര്‍ത്തു നനഞ്ഞ നിന്‍-

മിഴികളെനിക്കോര്‍മ്മകളെ മടക്കിത്തന്നു.


പനിക്കിടക്കയില്‍,

ആര്‍ത്തുപെയ്തൊരു താളം കാതോര്‍ത്ത്,

കുളിരിന്റെ സൂചിക്കുത്തുകളേറ്റുവാങ്ങി-

ക്കിടന്ന നിമിഷവേഗങ്ങളില്‍,

സിരകളില്‍ പൊള്ളുന്നൊരോര്‍മ്മയായ്

സ്നേഹസ്പര്‍ശങ്ങള്‍.


ഞെട്ടറ്റ മോഹങ്ങള്‍

കണ്ണില്‍ നൈരാശ്യമായ്

ഉറഞ്ഞുതുള്ളുമ്പഴും,


കെട്ടുപോം പ്രതീക്ഷയില്‍,

അടുക്കളപ്പടികളില്‍

ഒറ്റക്കിരുന്നു മിഴിവാര്‍ക്കുമ്പഴും


വിട്ടുപോം സ്നേഹം

കൈയെത്തിപ്പിടിക്കാനാഞ്ഞ്

തളര്‍ന്നു വീഴുമ്പഴും


പൊട്ടിത്തെറിച്ചു,

വാക്കുകള്‍ അലക്ഷ്യമായ്

വലിച്ചെറിയുമ്പഴും


മക്കളേയെന്നോര്‍ത്തു കരളില്‍
നീറിപ്പിടിക്കുന്ന ദു:ഖം.


ഓര്‍മ്മയില്‍ പിടയുന്നു പിന്നെയും
എന്നോ കേട്ടു മറന്ന വാക്കുകള്‍


“കുപുത്രന്മാരേറെയുണ്ടാകാം

കുമാതാക്കളുണ്ടായിട്ടില്ലിതേവരെ”