Tuesday, August 11, 2009

ജാതകം

അക്കങ്ങള്‍ക്കും, അര്‍ത്ഥമില്ലാത്ത ചിഹ്നങ്ങള്‍ക്കും-
ചതുരക്കളങ്ങള്‍ക്കുമിടയില്‍
വിലപറയപ്പെടുന്നതെന്റെ ജീവിതം.
അരികുദ്രവിച്ച മഞ്ഞക്കടലാസില്‍ കുറിക്കപ്പെട്ടതെന്റെ-
സ്വപ്നങ്ങളുടെ അന്ത്യവിധി.
താളുകളിലെവിടെയോ,
എഴുതിവച്ച അക്ഷരങ്ങള്‍ക്ക് ചുവപ്പുപകര്‍ന്നത്
എന്റെ ഹൃദയരക്തം കൊണ്ട്.

ഇരുളിലെന്നോ പ്രണയനക്ഷത്രം തേടിനിന്ന-
എന്റെ കണ്ണിനെത്തഴുകിപ്പോയ കാറ്റില്‍,
അകലെയെവിടെയോ പെയ്തൊരു മഴയുടെ-
കുളിര്‍സ്പര്‍ശം ഞാനറിഞ്ഞതും,
എന്‍ പ്രണയതാരകം കണ്ണിറുക്കിയതും ചേര്‍ന്ന്.

നിന്റെ സ്നേഹസൌരഭ്യങ്ങളെന്‍ ദിനങ്ങളില്‍
വസന്തം നിറച്ചതും
ഒരു വിരല്‍ക്കൂമ്പായ് നീയെന്നെ-
പൂവാ‍യ് വിടര്‍ത്തീതും,
പാതികൂമ്പിയ മിഴികളില്‍-
നിന്റെ ചുണ്ടിന്റെ നനവു ഞാനറിഞ്ഞതും,
സമയദൂരങ്ങളറിയാതെ,
നിന്‍ മിഴികളില്‍ തെളിയുന്നെന്‍ -
മുഖത്തിന്റെ ലജ്ജയില്‍
എന്‍ മിഴിനിറഞ്ഞതും,
ആനന്ദധാരകള്‍ നിന്നധരങ്ങള്‍ ഒപ്പിയെടുത്തതും
അകലെ നീ കൈകള്‍ വീശിയകലുമ്പോള്‍
അരികിലേക്കൊന്നണയ്ക്കാന്‍ -
ഹൃദയം പിടഞ്ഞതും.....

നിമിഷവേഗത്തില്‍,
സങ്കടക്കടലിനപ്പുറം
മായുന്നു മങ്ങുന്നു കാഴ്ചകള്‍

ഒടുവിലീ സ്മരണക്കുമുന്നിലീ-
‘ഈറന്‍ വയലറ്റുപൂവു’ ഞാന്‍ ചേര്‍ത്തുവക്കട്ടെ
പൊരുത്തക്കേടുകളുടെ മഞ്ഞരേഖകള്‍-
ബാക്കിവച്ച ഈ ജീവിതപുസ്തകവും
പറയുവാന്‍ കാത്തുവച്ചൊരുപിടി വാക്കുകള്‍
ഒരു നെടിയനിശ്വാസത്തിലൊതുക്കി
ഞാന്‍ പടിയിറങ്ങട്ടെ,
പ്രവചനങ്ങള്‍ക്കപ്പുറം
നിറനിലാവുപോലൊരു ജീവിതം-
നിറഞ്ഞൊരു സ്വപ്നം
നെഞ്ചോടു ചേര്‍ത്ത്....

Wednesday, August 5, 2009

പിരിയുവതെങ്ങിനെ?????

ഓടിയൊളിക്കുന്നതെങ്ങിനെ??
നെറുകയിലിത്തിരി നനവുപടര്‍ത്തി-
മൂക്കിന്‍ തുമ്പിലിറ്റ മുഗ്ധമാം ഓര്‍മ്മയില്‍ നിന്നും,

മറക്കുവതെങ്ങിനെ?
ഓര്‍ത്തു മയങ്ങിയൊരു സന്ധ്യയില്‍ -
പിറകിലൂടെ വന്നണച്ചു നിര്‍ത്തിയ കനവിനെ,

വിടുര്‍ത്തുവതെങ്ങിനെ?
കോര്‍ത്തു നിന്ന ഹൃദയങ്ങളെ,
ചേര്‍ന്നു കണ്ട കാഴ്ചകളെ,

തകര്‍ക്കുവതെങ്ങിനെ?
തുളുമ്പാതെ നിറയുന്ന നിന്റെ-
സ്നേഹമൌനങ്ങളെ,

മടക്കുവതെങ്ങിനെ കണ്ണിനെ?
സ്നേഹവസന്തക്കാഴ്ചകളില്‍ നിന്ന്,
എന്റെ ഹൃദയമൊളിപ്പിച്ച നിന്റെ കണ്ണില്‍ നിന്ന്,

ഓര്‍ക്കാതിരിക്കുന്നതെങ്ങിനെ?
നിലാവില്‍ ദൂരെ മിന്നിയ താരകസ്നേഹത്തിനെ,
നേര്‍ത്ത ചാറ്റലായ് പെയ്തിറങ്ങിയ നിന്റെ പുഞ്ചിരി,
കണ്‍ പീലിയിലെ നനുത്ത ചുംബനം,

പറയാതിരിക്കുവതെങ്ങിനെ,
പാതിചാരിയ നിന്റെ മനസ്സിന്റെ വാതില്‍മറയില്‍..
ഞാന്‍ കാത്തുവച്ച പ്രണയാക്ഷരങ്ങള്‍,

പിരിയുവതെങ്ങിനെ???
മനസ്സിന്റെ പാതിയെ,
പാതിയീണത്തിനെ,

നോവാതിരിക്കുന്നതെങ്ങിനെ?
പാതിയടര്‍ത്തിയ ഹൃദയത്തിന്റെ-
ഉണങ്ങാത്ത മുറിവിന്റെ നീറ്റലില്‍.....

Saturday, August 1, 2009

കാല്‍പ്പാടുകള്‍...

പ്രണയത്തിന്റെ പിന്‍വഴികളില്‍
മായാതെ മാഞ്ഞും തെളിഞ്ഞും കാല്‍പ്പാടുകള്‍...

തിരിവുകളിലെവിടെയോ‍ മറഞ്ഞുപോയത്..

പിരിയുന്ന പാതയില്‍ വഴിമാറി നടന്നകന്നത്...

പാതിവഴിയില്‍ വേച്ചുപോയത്...

അടയാളങ്ങള്‍ ശേഷിപ്പിക്കാത്ത ചില പൂച്ചക്കാലടികള്‍‍...


ചിലത്
ഓര്‍മ്മകളുടെ പിന്‍വഴികളില്‍ -
പാടുകള്‍ ശേഷിപ്പിക്കുമ്പോള്‍

ചിലത് പതിയുക ഹൃദയത്തിലാണ് ‍.

ഉണങ്ങാത്ത മുറിവായി തിണര്‍ത്തു കിടക്കും.


മേല്‍ക്കുമേല്‍ പതിഞ്ഞ കാല്പാടുകള്‍

ചിലതിനെ കാലത്തിന്റെ മറവിലേക്ക് മായ്ച്ചു കളയും.

പിന്നെയും ചിലത് നാം പോലുമറിയാതെ

നിലക്കാതെ പിന്തുടര്‍ന്നുകൊണ്ടേയിരിക്കും...


പക്ഷെ...ഏതു
വഴിയിലാണു്
നിന്റെ കാലടികള്‍ അകന്നുപോയത്??

അതോ നിലച്ചുപോയതോ?!

Friday, July 31, 2009

നിഴല്‍

അതിവിദൂരത്തു നീ പോയിട്ടുമിവിടെ നിന്‍‍‍-
നിഴലുണ്ടൊളിച്ചു നില്‍ക്കുന്നു.

പുടവമേല്‍ത്തൂങ്ങുന്ന പൈതലേപ്പോലെന്റെ-

പുറകെയതു പിച്ചവയ്ക്കുന്നു.


കരടെന്ന പോല്‍ കൃഷ്ണമണിയില്‍,

നമുക്കിടക്കരുതാത്തതെന്തോ കുടുങ്ങി.

വിവശരായ് കലഹിച്ചിരിപ്പതേക്കാല്‍-

ശാന്തി നിറയുമീ വിരഹമേ സ്വച്ഛം.


ഇനിമേല്‍ മൃദുവായി കണ്ണീര്‍ വാര്‍ത്താല്‍ മതി.

ഇടനെഞ്ച് തകര്‍ന്നു കരഞ്ഞാല്‍-

മുഖമാകെ പരവശമായാലോ?


ഇനിമേല്‍ സരള
സൌഹൃദങ്ങള്‍ മതി.
ഗാഢസ്നേഹം കരളു തകര്‍ത്താലോ?

Friday, June 5, 2009

എന്റെ ലൈലാക്‌...

ഇനി ഓര്‍മ്മകളുടെ കബറടക്കം
സ്വപ്നങ്ങളില്‍ മഴവില്ലു മാഞ്ഞു

ചാഞ്ഞു പെയ്തൊരു മഴ -
പൊള്ളുന്ന നെഞ്ചില്‍ വീണു മാഞ്ഞുപോയി

അകലങ്ങളിലെന്റെ ,
പ്രണയനക്ഷത്രം പൊഴിഞ്ഞുവീണു

കണ്ണില്‍ മഷിപടര്‍ത്തിയൊരു -
നീര്‍ത്തുള്ളി നിലം പതിച്ചു

വക്കുപൊട്ടിയൊരു വാക്ക്‌
പിന്നെയും കാത്തുനിന്നു
നീ വരുന്നതും നോക്കി

നീ വരും....
മേലൊട്ടു പെയ്തൊരു മഴയില്‍
ന്ത്യയാമങ്ങളില്‍ കത്തുന്ന സൂര്യനായ്‌..
ഉയരങ്ങളിലേക്ക്‌ പടര്‍ന്നുകയറിയനീര്‍ച്ചാലായി...

എന്റെ ലൈലാക്‌...
ഞാനിവിടെയീ കത്തുന്ന ഗുല്‍മോഹറിനു കീഴില്‍,
താരകം പൂത്തൊരു രാവില്‍,
ചാറ്റല്‍ മഴ നനഞ്ഞു നില്‍ക്കാം.

മൗനം

നിമിഷങ്ങള്‍ക്കുള്ളില്‍
പെരുകുന്ന മൗനങ്ങള്‍
നൊടിനേരമോരോ

യുഗദൈര്‍ഗ്ഘ്യം
തീര്‍ക്കുന്നു

ഇനിയത്തെ
നാളെക്കായ്‌

കരുതുന്ന
സ്വപ്നങ്ങള്‍,

ഒരു
വെള്ളപ്പാച്ചിലില്‍ നിലതെറ്റി -
ചുഴികളില്‍
മുങ്ങിയൊടുങ്ങുന്നു

മൗനം....
പ്രക്ഷുബ്ധതകള്‍ക്കും,

വിഭ്രാന്തികള്‍ക്കുമപ്പുറം

കനത്ത
ഇടിമുഴക്കങ്ങള്‍ക്കുമുന്‍പ്‌
ഇതൊരോ
ര്‍മ്മപ്പെടുത്തല്‍ മാത്രം

ഹൃദയത്തിന്നാഴങ്ങളിലേക്ക്‌

ആഴ്ന്നിറങ്ങുന്ന
കത്തിമുനയുടെ -
ക്രൂരതയാണത്‌


കരുതലോടെ ചേര്‍ത്തുപിടിച്ച
-
വിരല്‍തുമ്പുകളുടെ
നഷ്ടപ്പെട്ട വിശ്വാസമാണത്‌

ഇരുളടഞ്ഞ
ഇടനാഴികളില്‍ ,
നിര്‍ദാക്ഷിണ്യം
ഉപേക്ഷിക്കപ്പെട്ടവന്റെ -
അനാഥത്വമാണത്‌
.

ചെകിടടപ്പിക്കുന്ന

ഒരായിരം
അലര്‍ച്ചകളുടെ
സംയോഗമാണത്‌


ആര്‍ത്തുപെയ്തൊടുങ്ങിയ
-

മഴക്കും
, മനസ്സിനുമിടക്കുള്ള ദൂരമാണത്‌

ഇരുഹൃദയങ്ങള്‍ക്കിടയില്‍

പറയാതെ, പകരാതെപ്പോയ
സ്നേഹത്തി
ന്റെ ഭാഷയാണത്‌

എങ്കിലും
ഒടുവില്‍,മരവിച്ച മൗനം മരണമാകുന്നു.

Friday, May 22, 2009

ഓര്‍മയുടെ വസന്തകാലങ്ങള്‍...

വീണ്ടും മഴക്കാലം എത്തുകയാണ്‌...
പുതുമണ്ണിന്റെ മണമുള്ള കുറേ ഓര്‍മ്മകളും..
പുതുമഴയ്ക്ക്‌ പഴേതുപോലെ കൊതിപ്പിക്കുന്ന ഗന്ധമില്ല..
നേര്‍ത്ത ചാറ്റല്‍മഴക്കും ഭംഗി കുറഞ്ഞു..
എങ്കിലും ഓര്‍മ്മകളുടെ പ്രയാണം മാത്രം നിലക്കുന്നില്ല .
നേര്‍ത്ത കാറ്റില്‍ പോലും ആടിയുലയുന്ന മുളന്തലപ്പുകള്‍..
പനിപ്പേടിയില്ലാതെ നേര്‍ത്ത ചാറ്റലില്‍ നനഞ്ഞ സന്ധ്യകള്‍..
ഇന്നും കൊതി തോന്നാറുണ്ട്‌ ...മഴപെയ്തതറിയാതെ...
തോരാത്ത വിശേഷങ്ങളുമായി വീണ്ടും പോളി ഗ്രൌണ്ടില്‍.... വെറുതെ